പെഷവാർ: വടക്ക് – പടിഞ്ഞാറൻ അതിർത്തി ഗ്രാമങ്ങളിൽ അഭയാർത്ഥികളായെത്തിയ അഫ്ഗാനികളെ നാടുകടത്തുന്നത് തുടർന്ന് പാകിസ്താൻ. രാജ്യം വിടാൻ പാക് സർക്കാർ അഭയാർത്ഥികൾക്ക് നൽകിയ സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതുവരെ ഒരു ലക്ഷത്തോളം അഭയാർത്ഥികൾ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ മടങ്ങിയതായാണ് പാക് അധികൃതർ പുറത്തുവിടുന്ന കണക്കുകൾ. പതിനായിരങ്ങൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതായും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തോർഖാം ഗേറ്റുവഴി ഇതുവരെ 24,000 അഭയാർത്ഥികൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഖൈബർ ട്രൈബൽ ജില്ലാ കമ്മീഷണർ അബ്ദുൾ നാസിർ ഖാൻ വിദേശ മാദ്ധ്യമത്തോട് പറഞ്ഞു. ഇനിയും നിരവധി പേരെ ജില്ലയിൽ നിന്നും ഒഴിപ്പിക്കാനുണ്ടെന്നും കമ്മീഷണർ അറിയിച്ചു. പാക് സർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ 1,28,000 അഫ്ഗാനികൾ രാജ്യം വിട്ടതായാണ് പാകിസ്താന്റെ കണക്കുകൾ. തിരികെ മടങ്ങാൻ അഭയാർത്ഥികൾക്ക് പാകിസ്താൻ സർക്കാർ നൽകിയിരുന്ന അവസാന തീയതി നവംബർ ഒന്നാണ്. ഇനി രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് പാക് സർക്കാർ വ്യക്തമാക്കുന്നത്.
രാജ്യത്തെ അക്രമ സംഭവങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പിന്നിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. 1970 മുതൽ പാകിസ്താനിലേക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്. 2021 ൽ താലീബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇത് വർദ്ധിച്ചു. 17 ലക്ഷത്തോളം അഫ്ഗാനിസ്ഥാനികൾ പാകിസ്താനിലുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ. എന്നാൽ ഇത് 40 ലക്ഷമാണെന്നാണ് അനൗദ്യോഗിക കണക്കുകൾ.















