മോഹൻലാലും – ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ട്വൽത്ത് മാന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ദൃശ്യം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ടുതന്നെ ആരാധകർ വളരെ ആവേശത്തിലാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറ്റെടുക്കുന്നത്.
View this post on Instagram
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. താരരാജാവ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. സിനിമയുടെ പുതിയ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ഡിസംബർ 21 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ’21-12-2023 മുതൽ നിയമയുദ്ധം ആരംഭിക്കും. നേരിന്റെ ലോകത്തിനായി കാത്തിരിക്കുക’ ..എന്നും അദ്ദേഹം കുറിച്ചു.
ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ആശീർവാസ് സിനിമാസിന്റെ 33-ാം ചിത്രമാണിത്. മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര്.