ഏകദിന ലോകകപ്പിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ 48 വർഷത്തിനിടെ ഇതുവരെയും ആർക്കും ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ശ്രീലങ്കയുടെ സൂപ്പർ താരം പാതും നിസംഗയെ പുറത്താക്കിയാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഓവറിൽ രണ്ട് റൺസാണ് താരം വഴങ്ങിയത്. 3.86 ശരാശരിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റാണ് താരം ഇതുവരെ നേടിയത്.
ലോകകപ്പിൽ ശ്രീലങ്കക്കെതിരെ 302 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ സെമിയിൽ. 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറിൽ 55 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കൻ ബാറ്റിംഗ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 14 റൺസെടുത്ത കസുൻ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി അഞ്ചോവറിൽ 18 റൺസിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റൺസിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേർന്നാണ് ലങ്കാ ദഹനം പൂർത്തിയാക്കിയത്.















