കാബൂൾ: അഫ്ഗാനിസ്ഥാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ്, കയറ്റുമതി കുറഞ്ഞത്, തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
രാജ്യത്തെ മൊത്തം കയറ്റുമതിയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ 1.3 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് .5 ശതമാനത്തിന്റെ കുറവാണ് ഇക്കുറി സംഭവിച്ചിരിക്കുന്നത്. പാകിസ്താനാണ് അഫ്ഗാന്റെ പ്രധാന കയറ്റുമതി വിപണി. മൊത്തം കയറ്റുമതിയുടെ 55 ശതമാനം വരുമിത്. 29 ശതമാനവുമായി ഇന്ത്യയാണ് അഫ്ഗാന്റെ കയറ്റുമതി വിപണിയിൽ രണ്ടാമതായി ഉള്ളത്. കൽക്കരിയാണ് അഫ്ഗാനിൽ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. എന്നാലിപ്പോൾ കൽക്കരി കയറ്റുമതി ചെയ്യാത്തത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുള്ള കയറ്റുമതി വിപണിയെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേപോലെ രാജ്യത്ത് കൊടിയ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര തലങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം താത്കാലികമായി നിർത്തിവച്ചതും അഫ്ഗാന് വലിയ തിരിച്ചടിയായെന്നാണ് സാമ്പത്തിക വിദഗ്ധനായ സയാർ ഖുറേഷി പറയുന്നത്. അഫ്ഗാന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഖുറേഷി ചൂണ്ടിക്കാണിച്ചു.















