നടൻ ജൂനിയർ എൻ ടി ആറിന് പിന്നാലെ രാം ചരണിനേയും ആക്ടേഴ്‌സ് ബ്രാഞ്ചിലേയ്‌ക്ക് സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. രാം ചരണിനെ കൂടാതെ ഏഴ് താരങ്ങളെ കൂടി ആക്ടേഴ്‌സ് ബ്രാഞ്ചിൽ സ്ഥാനം നേടിയിട്ടുണ്ട്. ലഷാന ലിഞ്ച്, വിക്കി ക്രൈപ്‌സ്, ലൂയിസ് കൂ ടിൻ-ലോക്, കേകേ പാമർ, ചാങ് ചെൻ, സകുറ ആൻഡോ, റോബർട്ട് ഡേവി എന്നിവരാണ് പട്ടികയിലെ മറ്റ് പുതിയ താരങ്ങൾ.
‘സൂക്ഷ്മമായ ചിത്രീകരണത്തിലൂടെയും ആധികാരികതയോടുള്ള അർപ്പണത്തിലൂടെയും ഹൃദയവും മനസും കീഴടക്കുന്ന കഥാപാത്രങ്ങളെയാണ് ഈ അഭിനേതാക്കൾ നമുക്ക് സമ്മാനിക്കുന്നത്. കലാവിഷ്‌ക്കാരത്തിലുള്ള അവരുടെ വൈദഗ്ധ്യം അസാധാരണമായ സിനിമാറ്റിക് അനുഭവങ്ങളാക്കി മാറ്റുന്നു. അക്കാദമിയുടെ ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് ഈ പ്രഗത്ഭരായ കലാകാരന്മാരെ ഞങ്ങൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു’. എന്നായിരുന്നു അക്കാദമി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ്.
ഓസ്‌കർ വേദിയിൽ പൊൻ തിളക്കം നേടിയ ആർ ആർ ആറിന് വീണ്ടും ഒരു വൻ നേട്ടം കൂടിയാണ് ഇത്. നേരത്തെ അക്കാദമി ജൂനിയർ എൻ.ടി.ആറിനെ സ്വാഗതം ചെയ്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് രാം ചരണിനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം പുറത്ത് വരുന്നത്. രാംചരണും ജൂനിയർ എൻ.ടി.ആറും ഉൾപ്പെടെ 398 പേർക്കാണ് അക്കാദമിയിൽ ചേരാനായി ക്ഷണം ലഭിച്ചത്.















