ന്യൂഡൽഹി : ആം ആദ്മി പാർട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. രാജ്യസഭയിലെ മോശം പെരുമാറ്റത്തിൽ ഉപരാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയണമെന്നാണ് സുപ്രീംകോടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗമായ ബെഞ്ച് നിർദ്ദേശിച്ചത്. രാജ്യസഭയിൽ നിന്ന് ഓഗസ്റ്റ് 11നാണ് രാഘവിനെ സസ്‌പെൻഡ് ചെയ്തത്. ഡൽഹി സർവീസസ് ബിൽ സമിതിയിൽ ഉൾപ്പെടുത്താനായി എംപിമാരിൽ നിന്നും സമ്മതം വാങ്ങിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ചദ്ദയ്‌ക്ക് സസ്‌പെൻഷൻ ലഭിച്ചത്.
രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ രാഘവ് ചദ്ദയുടെ ക്ഷമാപണം പരിഗണിക്കുമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്താൻ ശ്രമിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, എഎപി എംപി ആദ്യമായാണ് പാർലമെന്റിന്റെ ഭാഗമാകുന്നതെന്നും സിജെഐ ചൂണ്ടിക്കാട്ടി. ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ് രാഘവ് ചദ്ദ. ഉപരാഷ്‌ട്രപതിയോട് രാഘവ് ചദ്ദ മാപ്പുപറയുമെന്ന് അഭിഭാഷകനും സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ന് യോഗം ചേരുന്ന പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി കേസിൽ ചില പുരോഗതികൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ദീപാവലിക്ക് ശേഷം പരിഗണിക്കും. അപ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.