പപ്പടം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രഭാത ഭക്ഷണത്തിലും ചോറിനും ഒപ്പമെല്ലാം പപ്പടം നല്ല കോമ്പിനേഷനാണ്. ഇന്ന് വിവിധ തരത്തിലുള്ള പപ്പടങ്ങൾ വിപണിയിൽ ലഭ്യമാണ്. വിവിധ തരത്തിലുള്ള മാവുകൾ, കൃത്രിമ രുചികൾ, നിറങ്ങൾ എന്നിവ ഉൾപ്പെടുത്തിയും പപ്പടങ്ങൾ നിർമ്മിക്കാറുണ്ട്.
എന്നാൽ പപ്പടം അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ ഒരുപാട് കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ശരീരത്തിനുണ്ടാകും. പപ്പടപ്രിയം മിതപ്പെടുത്തിയാൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. പപ്പടത്തിന്റെ ചേരുവകൾ തന്നെയാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. പപ്പടം നിർമ്മിക്കുന്നതിന് സോഡിയം ബൈ കാർബണേറ്റ് അല്ലെങ്കിൽ സോഡാ കാരം ധാരാളമായി ഉപയോഗിക്കാറുണ്ട്. പപ്പടം കേടാകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സോഡാ കാരം ഉപയോഗിക്കുന്നത്.
അമിത അളവിൽ പപ്പടം കഴിക്കുന്നതോടെ സോഡാ കാരം അമിത അളവിൽ ശരീരത്തിലെത്തുന്നു. കൂടാതെ പപ്പടത്തിൽ ഉപ്പിന്റെ അംശവും സോഡിയം ബെൻസോയേറ്റും വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. അമിത തോതിൽ ഉപ്പ് കലർത്തുന്നത് രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും ഉൾപ്പെടെ കാരണമായേക്കാം. ഉപ്പ് അധികമാകുന്നതോടെ രക്തസമ്മർദ്ദം കൂടുകയും ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവെക്കും.
എണ്ണയിൽ പൊരിച്ചെടുക്കുന്ന പപ്പടം കൊളസ്‌ട്രോൾ കൂട്ടുന്നതിന് ഉൾപ്പെടെ കാരണമാകും. വൃത്തിഹീനമായ ഇടങ്ങളിൽ പപ്പടം ഉണ്ടാക്കുന്നുവെന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. പരത്തിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കുന്നതിനായി തുറസ്സായ സ്ഥലത്ത് വെക്കുന്നു. ഇവിടെ നിന്നും പലതരത്തിലുള്ള സൂക്ഷ്മാണുക്കൾ കടക്കാനുള്ള സാദ്ധ്യതയേറെയാണ്.















