ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ക്രിക്കറ്റ് ലോകകപ്പിൽ ശക്തമായ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചതെന്ന് ഋഷി സുനക് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും വ്യാപാര കരാറിന്റെ പുരോഗതിയെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെയുള്ള ഏഴ് മത്സരങ്ങളിലും ഇന്ത്യൻ ടീം വിജയിച്ചത് ഏറെ ശ്രദ്ധേയമാണെന്നും ഋഷി സുനക് പറഞ്ഞു.
ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന ഭീകരാക്രമണത്തെ കുറിച്ചും, യുദ്ധത്തിൽ ബലികേടാകുന്ന സാധാരണക്കാരായ ജനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുമായി ഋഷി സുനക് വിശദമായ ചർച്ചകൾ നടത്തി. ഹമാസിന്റെ ആക്രമണങ്ങളെ ഇരുവരും അപലപിച്ചു. ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.















