ന്യൂയോർക്ക്: സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്. ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അലി ബറാക്കയുടെ പരാമർശം.
” ബ്രിട്ടനും ഗ്ലോബൽ ഫ്രീമെസന്റിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചക്കുന്നത്. അവർ ഇനി സോവിയറ്റ് യൂണിയനെ പോലെ തകരാൻ പോവുകയാണ്. അമേരിക്കയുടെ എല്ലാ ശത്രുക്കളും ഇപ്പോൾ തമ്മിൽ അടുത്തു കൊണ്ടിരിക്കുകയാണ്. അവർ ഒരുമിച്ച് നിന്ന് ഒരു യുദ്ധം നടത്തുന്ന ദിവസവും വൈകാതെ ഉണ്ടായേക്കും. ആ യുദ്ധത്തിലൂടെ അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ഒരിക്കലും ഇതേപോലെ മുന്നോട്ട് പോകില്ലെന്നും” അലി ബറാക്ക പറയുന്നു.
ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും അലി ബറാക്ക പ്രശംസിച്ചു. ” ഉത്തരകൊറിയയുടെ നേതാവ് എന്ന് പറയുന്നത്, അമേരിക്കയെ ശക്തമായി എതിർക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരു നേതാവാണ്. അമേരിക്കയെ ആക്രമിക്കാനുള്ള എല്ലാ ശക്തിയും ഉത്തരകൊറിയക്കുണ്ട്. ഉത്തരകൊറിയയും അമേരിക്കയ്‌ക്ക് നേരെ വരുന്ന ദിവസം വിദൂരമല്ല.
എന്നാൽ അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാന് ഇല്ല. എന്നാൽ ഇറാന്റെ കാര്യത്തിൽ അമേരിക്ക ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ അമേരിക്കയുടെ സൈനിക താവളങ്ങളേയും യുദ്ധക്കപ്പലുകളേയും വിമാനങ്ങളേയുമെല്ലാം ഇല്ലാതാക്കുമെന്നും” അലി ബറാക്ക പറഞ്ഞു.















