മ്യൂസിയം തുരന്ന് മോഷ്ടാക്കൾ കവർന്നത് കോടികൾ വിലമതിക്കുന്ന അത്യപൂർവ്വ സൈനിക പുരാവസ്തുക്കൾ. ബ്രിട്ടനിലെ റോയൽ ലാൻസേഴ്സ് ആൻഡ് നോട്ടിംഗ് ഹാംഷെയർ യെമൻറി മ്യൂസിയത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ വസ്തുക്കളാണ് മോഷണം പോയത്. ആദ്യകാലത്തെ സൈനികരുടെ ആയുധങ്ങളും മെഡലുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പെയിന്റിംഗുകളുമാണ് മോഷ്ടാക്കൾ കവർന്നത്.
മ്യൂസിയത്തിന്റെ തറ വെട്ടിപൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് മ്യൂസിയത്തിലെ ജീവനക്കാർ പറയുന്നത്. വെള്ളിയിൽ തീർത്ത സൈനികർ ഉപയോഗിച്ചിരുന്ന വസ്തുക്കളും മോഷ്ടിച്ച വസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്. മ്യൂസിയത്തിനുള്ളിൽ കടക്കാനായി തുരങ്കം നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിനെത്തിയ ഡിറ്റക്ടീവുകൾ അറിയിച്ചു.
മോഷണം പോയവയിൽ വിംബിൾഡൺ വനിതാ സിംഗിൾസ് ട്രോഫിയുടെ ഇരട്ടപതിപ്പായ ഗിൽറ്റ് റോസ് വാട്ടർ ഡിഷും ഹർലിംഗ്ഹാം ഗ്രാൻഡ് മിലിട്ടറി പോളോ ട്രോഫി, സൈനികരുടെ പ്രതിമകൾ, കുതിരപ്പടയുടെ കാഹളം എന്നിവയും ഉൾപ്പെടുന്നു. ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് മ്യൂസിയത്തിന്റെ അകവശം നിരീക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ ഉള്ളിലേക്ക് കടന്നതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.