തിരുവനന്തപുരം: മലയാളത്തിലെ ഒരു സിനിമയും ഇതുവരെ നൂറു കോടി കളക്ഷനിൽ കയറിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷനാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരം നിയമസഭ അങ്കണത്തില്‍ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യിൽ ‘എൺപതുകളിലെ മലയാള സിനിമ’ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവരും ഈ സംവാദത്തില്‍ പങ്കെടുത്തിരുന്നു.
‘ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല, കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണ്.
മുന്‍പ് തിയേറ്ററിൽ നിന്നും മാത്രം കിട്ടികൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നതെങ്കിൽ ഇന്ന്, അങ്ങനെയല്ല. ഒ.ടി.ടി വന്നതോടെ എല്ലാത്തിലും മാറ്റം വന്ന് തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ വീണ്ടും തിയേറ്ററിലെത്തും.
സിനിമ നിരൂപണങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നില്ല, വ്യക്തിപരമായി അവഹേളിക്കുന്നതിനോടാണ് എതിര്‍പ്പ്. പല നിരൂപണങ്ങളും വ്യക്തിഹത്യയായി പരിണമിക്കുന്നു.’- സുരേഷ് കുമാര്‍ പറഞ്ഞു.