ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ പ്രധാന കണ്ണികളിലൊരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. പോടനൂർ തിരുമലൈ നഗർ സ്വദേശി താഹ നസീർ (27) ആണ് അറസ്റ്റിലായത്. ചാവേറാക്രമണം നടത്തിയ ജമീഷാ മൂബീന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് പിടിയിലായ താഹനസീർ.
ജമീഷയ്‌ക്കും മറ്റൊരു പ്രതിയായ മുഹമ്മദ് തൗഫീക്കിനുമൊപ്പം സ്‌ഫോടനം നടത്താനുള്ള ഗൂഡാലോചനയിൽ ഇയാളും പങ്കാളിയായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രേരണയാൽ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഭീകര സംഘത്തിന്റെ ലക്ഷ്യം. കാറിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ജമേഷ മുബീൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.
സ്ഫോടനം നടന്ന പ്രദേശത്ത് ആക്രമണത്തിന് ഒരാഴ്ച മുമ്പ് താഹനസീറും കൂട്ടാളി തൗഫീഖും സന്ദർശിച്ചിരുന്നു. കോയമ്പത്തൂരിലെ ഒരു കാർ സെയിൽസ് ആൻഡ് സർവീസ് കമ്പനിയുടെ ബോഡി ഷോപ്പിൽ പെയിന്ററായി ജോലി ചെയ്യുകയാണ് അറസ്റ്റിലായ താഹനസീർ. ഇയാളെ ചെന്നൈ പൂനമല്ലിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. ഇതൊടെ സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
താഹനസീറിന്റെ ഡിജിറ്റൽ ഉപകരണം പരിശോധിച്ചതിൽ നിന്നും ഐഎസിന്റെ ആശങ്ങളിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
പൂനമല്ലിയിലെ എൻഐഎ കോടതിയിൽ നേരത്തെ തന്നെ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടക്കത്തിൽ ഡിഎംകെ സർക്കാർ ഇതിനെ എൽപിജി സിലിണ്ടർ സ്ഫോടനം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ എൻഐഎ അന്വേഷണത്തിൽ ഇത് ഒരു ഭീകരാക്രമണ ശ്രമമാണെന്ന് കണ്ടെത്തി.