പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഉപയോക്താക്കളെ കൂട്ടമായി നഷ്ടപ്പെട്ട് ആഡ് ബ്ലോക്കർ ആപ്പുകൾ. യൂട്യൂബ് ഏർപ്പെടുത്തിയ നിയന്ത്രണം ഫലപ്രദമായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യൂട്യൂബ് വീഡിയോകൾക്കൊപ്പം കാണിച്ചിരുന്ന പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോക്താക്കൾ ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിക്കുന്നത്.
ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തിൽ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തതെന്ന് വിവിധ ആഡ് ബ്ലോക്കിംഗ് കമ്പനികൾ പറയുന്നു. യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമെ പരസ്യങ്ങളില്ലാതെ യൂട്യൂബ് സേവനം ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. യൂട്യൂബ് വരിക്കാർ അല്ലാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും പരസ്യങ്ങൾ കാണേണ്ടി വരും. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ആഡ് ബ്ലോക്കർ ഉപയോഗിച്ചത്.
ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമാണ് കാണാൻ സാധിക്കുക. ഇതിന് ശേഷം യൂട്യൂബ് ഇവർക്ക് വിലക്കേർപ്പെടുത്തുകയാണ് പതിവ്. ഒക്ടോബർ ഒമ്പത് മുതൽ ദിവസേന ഏകദേശം 11,000 പേർ തങ്ങളുടെ ഗൂഗിൾ ക്രോം എക്‌സ്റ്റൻഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്തതായി ആഡ് ഗാർഡ് പറയുന്നു. യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ദിവസേന 6,000-ൽ അധികം അൺ ഇൻസ്റ്റാളാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി പറയുന്നു.