തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ആരോപണം ഉയർന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്റെ വിചിത്ര ഉത്തരവ്. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് എസിസിഎഫ് ജി ഹണീന്ദ്ര കുമാർ റാവു ഉത്തരവിറക്കിയത്.
എൽ സുധീഷ് കുമാറിനെയാണ് നേരത്തെ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ തസ്തികയിൽ നിന്നും വനം വകുപ്പ് സ്ഥലം മാറ്റിയത്. ഇപ്പോൾ വീണ്ടും പഴയ തസ്തികയിൽ തന്നെ നിയമിച്ചാണ് എസിസിഎഫ് ഉത്തരവിറക്കിയത്.
തടി മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുൾപ്പടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണം ഉയർന്നതോടെ ഇയാളെ റെഞ്ച് ഓഫീസർ തസ്തികയിൽ നിന്ന് വനം വകുപ്പ് ഐടി വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിയെ ഐടി വിഭാഗത്തിൽ നിയമിക്കാൻ ആകില്ലെന്ന് ഐടി വിഭാഗം മേധാവി നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് ആരോപണം നേരിട്ട ഇയാളെ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ തസ്തികയിലേക്ക് തന്നെ മാറ്റിക്കൊണ്ട് വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ജി ഹണീന്ദ്ര കുമാർ റാവു വിചിത്ര ഉത്തരവിറക്കിയത്.
ഐടി വിഭാഗത്തിൽ നിന്നും ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലും മറ്റ് പോസ്റ്റുകളിലേക്ക് നിയമിക്കുന്നത് വകുപ്പിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായതിനാലും ഭരണപരമായ കാര്യങ്ങൾ കണക്കിലെടുത്തും സൂധീഷ് കുമാറിന്റെ അപേക്ഷ പരിഗണിച്ചും ഇയാളെ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റെയ്ഞ്ചിൽ തന്നെ തുടരാൻ അനുവദിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.