കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് സലാർ. സലാറിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തില്‍ എത്തിക്കുന്നത്. നേരത്തെ ദീപാവലി പ്രമാണിച്ച് സലാറിന്റെ ഇൻട്രൊഡക്ഷൻ ടീസര്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ആ വിവരം തള്ളിക്കളഞ്ഞിരിക്കുകയാണ് സലാറിന്റെ നിര്‍മ്മാതാക്കൾ.
പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന സലാറിന്റെ പ്രമോഷൻ എപ്പോഴായിരിക്കും ആരംഭിക്കുക എന്ന അപ്‍ഡേറ്റാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. സലാറിന്റെ പ്രമോഷൻ ദീപാവലിക്ക് ശേഷമായിരിക്കും നടക്കുക. സലാറിന്റെ നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസിന്റെ സഹ സ്ഥാപകൻ ചാലുവെ ഗൗഡയാണ് ഈ വിവരം പുറത്തുവിട്ടത്. അഭിമുഖങ്ങളും പൊതു ചടങ്ങുകളുമൊക്കെ ഡിസംബര്‍ ഒന്നിന് ശേഷമാകും തീരുമാനമാകുക. അപ്പോഴാകും പ്രശാന്ത് നീലും ചേരുക. പ്രമോഷന് മുന്നോടിയായി ട്രെയിലര്‍ പുറത്തുവിടുമെന്നും ചാലുവെ ഗൗഡ വ്യക്തമാക്കി.
വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു.















