ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യൻ ടീമനെതിരെ ആരോപണവുമായി രംഗത്ത് വന്ന പാകിസ്താൻ മുൻ താരം ഹസൻ റാസയെ വിമർശിച്ച് മുൻ പാക് താരം വസീം അക്രം. ഇന്ത്യൻ ടീമിനെതിരെ റാസ നടത്തിയ പാരമർശം വ്യാജമാണെന്നും ഐസിസി ടൂർണമെന്റിൽ കൃത്രിമത്വം കാട്ടിയിട്ടില്ലെന്നും ഇത്തരത്തിലുളള അനാവശ്യ പ്രസ്താവനകൾ നടത്തി ലോകത്തിന് മുന്നിൽ പാകിസ്താനെ അപമാനിക്കരുതെന്നാണ് വസീം അക്രം പറഞ്ഞത്.
‘താങ്കൾ പറഞ്ഞത് ഒരു തമാശയായിട്ടാണ് തോന്നുന്നത്. ലോകത്തിന് മുമ്പിൽ പാകിസ്താനെ അപമാനിക്കരുത്. പത്ത് പന്തുകളുള്ള ഒരു പെട്ടി ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവും. അതിൽ നിന്നാണ് ടീമുകൾ രണ്ട് പന്ത് എടുക്കുന്നത്. ഈ പന്തുകൾ മാച്ച് റഫറിക്കും തുടർന്ന് ഓൺ ഫീൽഡ് അമ്പയർമാർക്കും കൈമാറുന്നു. കൂടുതൽ പരിശീലനം നടത്തിയത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തതും കൊണ്ടാണ് ഇന്ത്യൻ ബൗളർമാർ കൂടുതൽ സ്വിംഗ്് നേടുന്നത്,’ വസീം അക്രം ടി.വി ഷോയിൽ പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പ്രത്യേക പന്തുകൾ ഐസിസിയും ബിസിസിഐയും നൽകിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വേട്ട നടത്തുന്നതെന്നും ഹസൻ റാസ പാക് ടെലിവിഷൻ ചാനലായ എബിഎൻ ന്യൂസിലെ ചർച്ചയിൽ ആരോപിച്ചിരുന്നു.















