ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയെയാണ് അടുത്ത ചാമ്പ്യന്മാരായി താരം കാണുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരം പുതിയ ലോക ചാമ്പ്യൻ ആരാകും എന്നതിനെക്കുറിച്ച് മനസ് തുറന്നത്.
ഇന്ത്യ ലോകകപ്പിൽ അജയ്യരായി മുന്നേറുകയാണ്. ബോളർമാരും ബാറ്റർമാരും മികച്ച ഫോമിലാണ്. വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ പ്രധാനമുഖം. എല്ലാ മേഖലയിലും ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അതിനാൽ കപ്പുയർത്താൻ ഏറ്റവും കൂടുതൽ സാദ്ധ്യത താൻ കാണുന്നത് ഇന്ത്യയ്‌ക്കാണെന്നും ജയസൂര്യ പറഞ്ഞു. ലോകോത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യയെന്നും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഇന്ത്യക്ക് തിരിച്ചടിയാണെന്നും താരം അഭിപ്രായപ്പെട്ടു.
ശ്രീലങ്കൻ ടീമിന്റെ പ്രകടനത്തിൽ താനും ആരാധകരും അസംതൃപ്തരാണ്. കോച്ചിനോടും സെലക്ടർമാരോടും ക്രിക്കറ്റ് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. ഇനി രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയ്‌ക്കുള്ളത്. തോൽവികളിൽ നിന്നും പഠിച്ച് ബാക്കിയുള്ള മത്സരങ്ങൾ ജയിക്കാനാണ് ടീം ശ്രമിക്കേണ്ടതെന്നും ജയസൂര്യ പറഞ്ഞു.
പോയിന്റ് പട്ടികയിൽ ഏഴ് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. പട്ടികയിൽ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ശ്രീലങ്ക തോൽവി ഏറ്റുവാങ്ങി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കനത്ത പരാജയമാണ് ശ്രീലങ്കയ്‌ക്ക് നേരിടേണ്ടിവന്നത്.















