മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. എന്നാൽ ഇരുവരുടെയും ആരാധകർ ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു ‘എന്നാലും ഇതെങ്ങനെ?’. വിവാഹ നിശ്ചയത്തിന് ശേഷവും ഇരുവരും പ്രണയവിവാഹമാണോ അല്ലയോ എന്നതിനെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ ആരാധകരോട് തുറന്നു പറയുകയാണ് താര ജോഡികൾ. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.
പക്കാ അറേഞ്ച്ഡ് മാരേജാണ് ഇരുവരുടെയും. പത്മസൂര്യയുടെ അമ്മായിയും ഗോപികയുടെ വല്യമ്മയുമായിരുന്നു ഇരുവരുടെയും വിവാഹത്തിന് പിന്നിലെ സൂത്രധാരൻമാർ. ഇരുവരും പതിനഞ്ച് വർഷമായുള്ള സുഹൃത്തുക്കളായിരുന്നു. ഒരു ചാർധാം യാത്രയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം ആ സൗഹൃദം വളരുകയായിരുന്നു. ഇതിനിടെയായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹക്കാര്യം ചർച്ച ചെയ്തത്. ഇരുവർക്കും സമ്മതമായതോടെ വിവാഹക്കാര്യം അമ്മായി ജിപിയെ അറിയിക്കുകയായിരുന്നു. ഗോപികയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും അമ്മായി നിർദ്ദേശിച്ചു.
എന്നാൽ ആ സമയത്ത് വിവാഹക്കാര്യം പ്ലാൻ ചെയ്തിട്ടില്ലാതിരുന്നതിനാൽ അമ്മായിയുടെ നിർദ്ദേശത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ജിപി. ഒരു മാസം കഴിഞ്ഞിട്ടും ഗോപികയെ കാണുന്നതിൽ തീരുമാനമെടുക്കാതെ വന്നപ്പോൾ അമ്മായി ദേഷ്യം പിടിച്ചു. ഒടുവിൽ ഗോപികയെ കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴും തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ മടിച്ച് നിൽക്കുകയായിരുന്നു. ഒടുവിൽ കാണാമെന്ന് തീരുമാനമെടുത്ത് ഗോപികയെ വിളിച്ചു. ഗോപിക അപ്പോൾ ഉണ്ടായിരുന്നത് ചെന്നൈയിലായിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ ചെന്നൈയിലേയ്‌ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും ജിപി പറഞ്ഞു.
ഗോപികയെ കാണാനായി ചെന്നൈ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണവും ജിപി പറഞ്ഞു. ചെന്നൈ കാബാലീശ്വര ക്ഷേത്രത്തിലെ വലിയ ഭക്തനാണ് താൻ. മുമ്പ് സ്ഥിരം പോകാറുണ്ടായിരുന്ന ക്ഷേത്രമായിരുന്നു. എന്നാൽ കുറച്ച് കാലമായി അവിടേയ്‌ക്ക് പോകാറില്ലായിരുന്നു. അതുകൊണ്ട് ക്ഷേത്രത്തിൽ വച്ച് കാണാം എന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. പക്ഷേ യാത്രക്കൊരുങ്ങുമ്പോഴും വിവാഹം കഴിക്കാം എന്ന് കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടുണ്ടായിരുന്നില്ല. ചെന്നൈയിൽ പോകുമ്പോൾ ഗോപകയെ കണ്ട് സംസാരിച്ചിരുന്നു എന്ന് അമ്മായിയോട് പറയാം എന്നായിരുന്നു മനസിൽ തീരുമാനിച്ചത്. എന്നാൽ ഗോപികയെ നേരിൽ കണ്ട് സംസാരിച്ചതിന് ശേഷമായിരുന്നു വിവാഹത്തിലേയ്‌ക്ക് കടക്കാം എന്ന് തീരുമാനിച്ചത്. എന്നായിരുന്നു ഇരുവരും വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.















