ശ്രീനഗർ: ഭീകരവാദക്കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിക്കാൻ ജിപിഎസ് ട്രാക്കറുമായി ജമ്മു കശ്മീർ പോലീസ്. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹീദിന് വേണ്ടി ധനശേഖരണം നടത്തിയ കേസിലെ പ്രതിയായ മൊഹമ്മദ് ഭട്ട് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. കേസ് പരിഗണിച്ച എൻഐഎ കോടതി ജിപിഎസ് ട്രാക്കർ ബന്ധിക്കാനുള്ള നിർദ്ദേശം പോലീസിന് നൽകി. ഇതേതുടർന്നാണ് കശ്മീർ പോലീസിന്റെ പുതിയ നീക്കം.
രാജ്യത്തിലാദ്യമായാണ് പോലീസ് ഇത്തരമൊരു സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തീവ്രവാദികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ജാമ്യത്തിലിറങ്ങുന്നവരുടെ കണങ്കാലിൽ ആയിരിക്കും ജിപിഎസ് ട്രാക്കർ ബന്ധിപ്പിക്കുക. ഇത് പ്രതികളെ ഫലപ്രദമായി നിരീക്ഷിക്കാൻ സഹായിക്കും. നിലവിൽ അമേരിക്ക, ഓസ്‌ട്രേലിയ, യുകെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ജിപിഎസ് ട്രാക്കർ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
1967ലെ യുഎപിഎ നിയമപ്രകാരം ജാമ്യം ലഭിക്കാൻ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ യുഎപിഎ പ്രതികളുടെ കണങ്കാലിൽ ജിപിഎസ് ട്രാക്കർ ബന്ധിക്കുന്നത് വഴി ഇവർക്ക് ജാമ്യം അനുവദിക്കാൻ സാധിക്കും. ഇത് കൂടുതൽ വീട്ട് തടങ്കലുകൾ അനുവദിക്കാനും അതുവഴി ജയിലുകളിലെ തിരക്ക് കുറയ്‌ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.














