രാജ്യത്തെ ചെറുകിട ബിസിനസുകളെ മെച്ചപ്പെടുത്തുന്നതിനായി ചെറു ലോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ ഇന്ത്യ. ഇന്ത്യയിലെ ചെറുകിട വ്യവസായികൾക്ക് മിക്കപ്പോഴും ഇത്തരത്തിലുള്ള ചെറിയ ലോണുകൾ ആവശ്യമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഗൂഗിൾ ഇന്ത്യയുടെ പ്രഖ്യാപനം. പുതിയ ചുവടുവയ്പ്പ് എന്ന നിലയിലാണ് ഈ മേഖലയിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുന്നത്.
ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ വരെയാകും വായ്പ നൽകുക. വായ്പ എടുക്കുന്നവർ 111 രൂപയിൽ താഴെ തിരിച്ചടവ് തുക നൽകിയാൽ മതിയാകും. വായ്പാ സേവനങ്ങൾ നൽകുന്നതിനായി ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് ഗൂഗിളിന്റെ പുതിയ നീക്കം. കൂടാതെ വ്യാപാരികൾക്ക് അവരുടെ മൂലധന ആവശ്യകതകൾ പരിഹരിക്കുന്നതിനായി ഗൂഗിൾപേ മുഖേന ക്രെഡിറ്റ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഇ-പേലേറ്ററിന്റെ പങ്കാളിത്തത്തോടെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഇതിലൂടെ ലഭിക്കുന്ന തുക വ്യാപാരികൾക്ക് അവരുടെ സ്റ്റോക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഗൂഗിൾപേയിലെ വ്യക്തിഗത വായ്പകളുടെ പോർട്ട്‌ഫോളിയോ ഗൂഗിൾ ഇന്ത്യ വിപുലീകരിച്ചിട്ടുണ്ട്.