സുക്മ: ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം ഇല്ലാത്ത ഒരു രാമരാജ്യത്തിന് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തോടുകൂടി തുടക്കം കുറിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭവനം, ഭക്ഷണം, ശൗചാലയം, വെള്ളം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങി എല്ലാം പാവപ്പെട്ടവർക്ക് നൽകും. ഛത്തീസ്ഗഢിൽ മാറ്റം വരണമെന്നും കോൺഗ്രസ് എന്ന പ്രശ്നത്തിൽ നിന്ന് എത്രയും വേഗം ജനങ്ങൾ മുക്തി നേടണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഛത്തീസ്ഗഢിലെ കോണ്ടയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാമരാജ്യം എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാത്ത ഭരണം എന്നാണ് അർത്ഥമാക്കുന്നത്. പദ്ധതികളുടെയെല്ലാം പ്രയോജനം ദരിദ്രർക്കും ദളിതർക്കും പിന്നാക്കക്കാർക്കും വനവാസികൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കണം. സുരക്ഷിതത്വവും സൗകര്യങ്ങളും ലഭിക്കുന്നതിൽ എല്ലാവർക്കും തുല്യ അവകാശമാണ്. ഇതാണ് രാമരാജ്യം. രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം. ജനുവരിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും. ഛത്തീസ്ഗഢ് ശ്രീരാമന്റെ മാതാവിന്റെ ജന്മഭൂമിയാണ്. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിലെ ജനങ്ങൾ അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതിൽ ഉത്തർപ്രദേശിനേക്കാൽ കൂടുതൽ സന്തോഷിക്കണം’.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഒമ്പതര വർഷത്തെ ഭരണം കൊണ്ടുതന്നെ പുരാതന കാലം മുതൽ പറയുന്ന ‘രാമരാജ്യ’ത്തിന് അടിത്തറയിട്ടു കഴിഞ്ഞു. പാവപ്പെട്ടവർക്ക് ഭക്ഷണം, ഭവനം, വെള്ളം, ശൗചാലയം, ആരോഗ്യ ഇൻഷുറൻസ് എന്നിവ എല്ലാം നരേന്ദ്രമോദി സർക്കാർ നൽകുന്നു. ഉത്തർപ്രദേശിലെ പോലെ ഛത്തീസ്ഗഢിലും മാറ്റങ്ങൾ ഉണ്ടാകണം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് ലൗ ജിഹാദിനെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി അവർ ചിന്തിക്കുന്നില്ല. സംസ്ഥാനത്തെ പ്രധാന പ്രശ്നം കോൺഗ്രസാണ്. എത്രയും വേഗം ഈ പ്രശ്നത്തിൽ നിന്ന് ജനങ്ങൾ മുക്തി നേടേണ്ടതുണ്ട്. ഛത്തീസ്ഗഢിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ബിജെപിയെ പിന്തുണയ്‌ക്കണം’- യോഗി ആദിത്യനാഥ് പറഞ്ഞു.