ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ ദൈവത്തിനൊപ്പം തന്റെ പേരെഴുതി ചേർത്ത് കിംഗ് കോലി. ഏകദിനത്തിൽ 49-ാം സെഞ്ച്വറി 35-ാം ജന്മദിനത്തിൽ കുറിച്ചാണ് താരം സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയത്. ഇതോടെ കോലിയുടെ സെഞ്ചറികളുടെ എണ്ണം 79 ആയി. ടി 20യിൽ ഒരു സെഞ്ച്വറിയും ടെസ്റ്റിൽ 29 സെഞ്ച്വറികളുമാണ് കോലിയുടെ പേരിലുള്ളത്. ലോകകപ്പിൽ അഞ്ഞൂറോ അതിലധികമോ റൺസ് നേടുന്ന 17-ാം താരമെന്ന റെക്കോർഡും കോലി നേടി. ഏകദിനത്തിൽ ഇന്ത്യയിൽ 6,000 നേടുന്ന താരമെന്ന റെക്കോർഡും ഇന്നത്തെ മത്സരത്തോടെ കോലി തന്റെ പേരിലാക്കി.
119 പന്തിൽ 10 ബൗണ്ടറികൾ പറത്തിയാണ് കോലി സെഞ്ച്വറിയടിച്ചത്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അർദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കിയിരുന്നു.
സച്ചിൻ 462 മത്സരങ്ങളിൽ നിന്നാണ് 49 ഏകദിന സെഞ്ച്വറികൾ നേടിയതെങ്കിൽ കോലിക്ക് സച്ചിനൊപ്പമെത്താൻ വേണ്ടിവന്നത് 289 മത്സരങ്ങൾ മാത്രം. സച്ചിന്റെ 100 സെഞ്ച്വറികളെന്ന റെക്കോർഡിനൊപ്പമെത്താൻ 35-കാരനായ കോലിക്ക് ഇനിയും 21 സെഞ്ച്വറികൾ കൂടി വേണം.2009 ലങ്കയ്‌ക്കെതിരെയാണ് കോലി തന്റെ സെഞ്ച്വറി വേട്ടയ്‌ക്ക് തുടക്കമിട്ടത്.















