പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ തലവര മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രതിസന്ധികളെയും തരണം ചെയ്ത് വര്‍ഷങ്ങൾ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആടുകൾക്കിടയിൽ പൃഥ്വിരാജ് ഇരിക്കുന്നതായിട്ടുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ആടുജീവിതത്തിലെ നായകനായ നജീബ് എന്താണെന്നും അയാളുടെ ജീവിതം എങ്ങനെയുള്ളതാണെന്നും ഒറ്റ നോട്ടത്തിൽ തന്നെ പറഞ്ഞുവെയ്‌ക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ വൈറലായി.
160 ദിവസങ്ങൾക്ക് മുകളില്‍ വേണ്ടി വന്നു ആടുജീവിതത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കാൻ. നാലര വര്‍ഷം കൊണ്ടാണ് ഈ 160 ദിവസങ്ങൾ ബ്ലെസിക്ക് കണ്ടെത്തേണ്ടി വന്നത്. മരുഭൂമിയിലെ ചിത്രീകരണവും കൊറോണ മഹാമാരിയുമാണ് സിനിമയുടെ ചിത്രീകരണത്തിന് പ്രധാനമായും വിലങ്ങുതടി ആയത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിൽ- ഛായാഗ്രഹണം. പ്രശാന്ത് മാധവ് -കലാസംവിധാനം.