കൊൽക്കത്ത: ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ 2 വിക്കറ്റ് പ്രകടനമാണ് ഷമിയെ ഈ നേട്ടത്തിൽ എത്തിച്ചത്. ഇതോടെ ലോകകപ്പിൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരിൽ ഒന്നാമതാണ് ഷമി. നാല് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം.
ലോകകപ്പിൽ ഇന്ത്യ കളിച്ച എട്ട് മത്സരങ്ങളിലും കളിച്ച സഹ പേസർമാരായ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനെയും മറികടന്നാണ് ഷമിയുടെ നേട്ടമെന്നതാണ് ശ്രദ്ധേയം. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമിക്ക് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ആർ അശ്വിനും അടുത്ത മൂന്ന് മത്സരങ്ങളിൽ ശാർദ്ദുൽ താക്കൂറുമായിരുന്നു ഇന്ത്യൻ ഇലവനിൽ കളിച്ചത്.
ന്യൂസിലൻഡിനെതിരെ ആദ്യ മത്സരത്തിൽ അഞ്ചും ഇംഗ്ലണ്ടിനെതിരെ നാലും വിക്കറ്റെടുത്ത ഷമി ശ്രീലങ്കക്കെതിരെ അഞ്ചും ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് വിക്കറ്റ് കൂടി എടുത്തതോടെയാണ് വിക്കറ്റ് നേട്ടം 16 ആയത്.















