പാലക്കാട്: സമൂഹ മാദ്ധ്യമങ്ങൾ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബർ പിടിയിൽ. പാലക്കാട് തൂത സ്വദേശി അക്ഷജ് (21) ആണ് പിടിയിലായത്. യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് എക്‌സൈസ് അക്ഷജിനെ അറസ്റ്റ് ചെയ്തത്.
യുവാവ് സമൂഹ മാദ്ധ്യമങ്ങൾ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വൈൻ നിർമ്മിക്കാൻ ഉപയോഗിച്ച മിശ്രിതങ്ങളും 4 ലിറ്റർ വൈനും കണ്ടെടുത്തു. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറകൾ, എഡിറ്റ് ചെയ്യാനും അപ്‌ലോഡ് ചെയ്യുന്നതിനുമായി ഉപയോഗിച്ച ലാപ്‌ടോപ്പുകൾ, മൈക്കുകൾ എന്നിവ പിടിച്ചെടുത്തതായും യുവാവിനെ റിമാൻഡ് ചെയ്തതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.















