ടൺ കണക്കിന് നേട്ടവുമായി മുന്ദ്ര; ഒറ്റമാസം കൊണ്ട് 16.1 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖം

Published by
Janam Web Desk

അഹമ്മദാബാദ്: ചരക്ക് കൈകാര്യം ചെയ്യുന്നതിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മുന്ദ്ര തുറമുഖം. ഇന്ത്യയിലാദ്യമായി 16.1 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തുവെന്ന റെക്കോർഡാണ് മുന്ദ്ര തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ മാസത്തിലെ കണക്കാണിത്. ഭാരതത്തിൽ ആദ്യമായാണ് ഒരു തുറമുഖം ഇത്രമാത്രം ചരക്കുകൾ ഒറ്റ മാസത്തിനുള്ളിൽ കൈകാര്യം ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയാണ് അദാനി ഗ്രൂപ്പിന്റെ മുന്ദ്ര. ഈ വർഷം ഇതുവരെ മാത്രം 102 മില്യൺ മെട്രിക് ടൺ ചരക്കാണ് മുന്ദ്രയിൽ കൈകാര്യം ചെയ്തത്. പ്രതിവർഷം ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തുന്നതിനൊപ്പമാണിത്. ഇക്കൊല്ലം വെറും 210 ദിവസത്തിനുള്ളിലാണ് 100 മില്യൺ മെട്രിക് ടൺ ചരക്ക് മുന്ദ്രയിൽ കൈകാര്യം ചെയ്തത്. കഴിഞ്ഞകൊല്ലം ഈ നേട്ടം കൈവരിക്കാൻ 231 ദിവസം ആവശ്യമായി വന്നിരുന്നു.

2023ൽ മാത്രം 2,480 കപ്പലുകൾ മുന്ദ്രയിൽ നങ്കൂരമിട്ടിരുന്നു. 11,500 റേക്കുകളിലാണ് സർവ്വീസ് നടത്തിയത്. വലിപ്പമേറിയ കപ്പലുകൾ കൈകാര്യം ചെയ്യാൻ സസുജ്ജമാണ് മുന്ദ്ര തുറമുഖം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംവി എംഎസ്‌സി ഹാംബർഗ് കഴിഞ്ഞ ജൂലൈയിൽ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. 399 മീറ്റർ നീളവും 54 മീറ്റർ വീതിയുമുള്ള കപ്പലാണ് ഹാംബർഗ്.

Share
Leave a Comment