ഊട്ടി: സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി കൂടെ നിന്ന ജീവനക്കാർക്ക് ലക്ഷങ്ങൾ വിലയുള്ള ദീപാവലി സമ്മാനം നൽകിയിരിക്കുകയാണ് തോട്ടമുടമ. ഊട്ടി കോത്തഗിരിയിലെ ശിവകാമി തേയിലത്തോട്ടത്തിന്റെ ഉടമയായ ശിവകുമാർ ആണ് തന്റെ എസ്റ്റേറ്റിലെ 30 ജീവനക്കാർക്ക് ലക്ഷങ്ങൾ വിലമതിച്ച സമ്മാനങ്ങൾ നൽകിയത്.
2.70 ലക്ഷം രൂപ വരുന്ന രണ്ട് എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം വിലവരുന്ന നാല് ബുള്ളറ്റ് ക്ലാസിക് ബൈക്കുകൾ, 2 ലക്ഷം രൂപയുടെ 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്‌കൂട്ടറുകൾ എന്നിവയാണ് നൽകിയത്. 627 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും തിരഞ്ഞെടുത്ത 30 പേർക്കാണ് അദ്ദേഹം ഇരു ചക്ര വാഹനങ്ങൾ നൽകിയത്. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും 18 ശതമാനം ബോണസുമാണ് അദ്ദേഹം സമ്മാനിച്ചത്.
തിരുപ്പൂർ സ്വദേശിയായ ശിവകുമാറിന് കോത്തഗിരിക്ക് സമീപം 190 ഏക്കർ തേയിലത്തോട്ടവും 315 ഏക്കർ സ്ഥലത്ത് പച്ചക്കറി തോട്ടവും വിവിധ പൂ കൃഷിയുമുണ്ട്. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് സൗജന്യ മരുന്നുകൾ നൽകുന്നതിന് ശിവകുമാർ എസ്റ്റേറ്റിന് സമീപം മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്.
കൂടാതെ തന്റെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കണമെന്ന ഒരു ജീവനക്കാരന്റെ ആഗ്രഹം സാധിക്കുന്നതിനായി മൂന്ന് വർഷം മുൻപ് അദ്ദേഹം തൊട്ടടുത്തുള്ള സ്‌കൂളിൽ രണ്ട് അദ്ധ്യാപകരെ നിയമിക്കുകയും അവർക്ക് ശമ്പളം നൽകുകയും ചെയ്യുന്നുണ്ട്. ഇന്ന് നിരവധി കുട്ടികളാണ് ആ സ്‌കൂളിൽ നിന്നും മികച്ച വിദ്യാഭ്യാസം നേടുന്നത്.















