ന്യൂഡൽഹി ; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്രസർക്കാർ . തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. പൊതുജനങ്ങളുടെ അഭിപ്രായം അറിയാൻ നാലാഴ്ചത്തെ സമയവും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നത് ഏകീകൃതമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചു. രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും റസിഡൻഷ്യൽ സ്‌കൂളുകളിലും പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമിക്കുന്നതിന് ദേശീയ മാതൃക സൃഷ്ടിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സാമൂഹിക പ്രവർത്തകയായ ജയ താക്കൂറാണ് സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി സമർപ്പിച്ചത് .സൗജന്യ സാനിറ്ററി നാപ്കിനുകൾ നൽകുന്നതിന് ഏകീകൃത ദേശീയ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ കേന്ദ്രത്തിന് മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കും കോടതി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 31നകം മറുപടി നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.