ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ‘ഭാരത് ആട്ട’ എന്ന പേരിൽ ഗോതമ്പുപൊടി കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഭാരത് ആട്ടയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുളള ഭക്ഷ്യവസ്തുകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
വിലവർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാനാണ് പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിക്കുന്നത്. കിലോയ്‌ക്ക് 21.5 രൂപ നിരക്കിൽ 2.5 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് ഇതിനായി കേന്ദ്ര സർക്കാർ ശേഖരിച്ചിട്ടുള്ളത്. കിലോയ്‌ക്ക് 27.5 എന്ന സബ്സിഡി നിരക്കിൽ് ആട്ടയായി ജനങ്ങൾക്ക് വിതരണം ചെയ്യും.
രാജ്യത്തെ ഭക്ഷ്യവസ്തുകളുടെ വിലക്കയറ്റം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. ജനങ്ങളുടെ ആശങ്കയില്ലാതാക്കുന്നതിനും കർഷകരെയും ഒപ്പം സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. തക്കാളി, പരിപ്പ്, ഉള്ളി എന്നിവയുടെ വില വർദ്ധിച്ചപ്പോൾ അത് കുറയ്‌ക്കുന്നതിനായി കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. ഭാരത് ദാൽ എന്ന പേരിൽ ഉത്പന്നം പുറത്തിറക്കിയാണ് സർക്കാർ പരിപ്പിന്റെ വില നിയന്ത്രിച്ചത്. പരിപ്പിന്റെ വില വർദ്ധിക്കുന്നത് നിയന്ത്രിച്ചു.
ഭാരത് ആട്ടയുടെ ഉത്പാദനം പൂർത്തിയാക്കി രാജ്യത്തെ 2000 സർക്കാർ ഔട്ട്‌ലെറ്റുകൾ വഴിയാണ് ജനങ്ങളിലേക്ക് എത്തിക്കുക. കൂടാതെ 700 മൊബൈൽ വാനുകൾ വഴിയും ജനങ്ങൾക്കിത് വാങ്ങാം. ഉത്സവ സീസണിൽ ഗോതമ്പിന്റേയും ഇതര ധാന്യ ഉത്പന്നങ്ങളുടേയും വില നിലവാരം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്് കേന്ദ്രം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി രോഹിത് സിംഗ് പറഞ്ഞു. മറ്റ് അവശ്യവസ്തുക്കളുടെ വില ഉയരുന്നതിനെതിരേയും ഇത്തരത്തിലുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുണ്ടാകുമെന്നും രോഹിത് സിംഗ് കൂട്ടിച്ചേർത്തു.















