പാരീസ്: ഫ്രാൻസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ ഇസ്ലാം മത വിശ്വാസികൾ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. ഫ്രാൻസിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണ് ചാൾസ് ഡി ഗല്ലെ. ഇതിന്റെ ടെർമിനൽ 2ബിയിലാണ് 30ഓളം യാത്രക്കാർ നിസ്‌കരിച്ചത്. പ്രാർത്ഥനകൾക്കായി വിമാനത്താവളത്തിൽ പ്രത്യേക ഇടം ഉണ്ടെന്നിരിക്കെയാണ് ഇവർ പൊതു ഇടത്തിൽ നിസ്‌കരിച്ചത്.
സംഭവം വലിയ വിവാദമായതോടെ വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചിട്ടുണ്ട്. അങ്ങേയറ്റം ഖേദകരമായ സംഭവമെന്നാണ് വിഷയത്തിൽ എയർപോർട്ട് ഓപ്പറേറ്റർ പ്രതികരിച്ചത്. ഇതുപോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും എയർപോർട്ട് ഓപ്പറേറ്റർ അറിയിച്ചു. ജോർദാനിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഇവർ വിമാനത്താവളത്തിനുള്ളിലെ ഹാളിൽ നിസ്‌കരിച്ചത്. ഏകദേശം 10 മിനിറ്റോളം ഈ പ്രാർത്ഥന നീണ്ടു നിന്നുവെന്നാണ് വിവരം.
വിമാനത്താവള അധികൃതർ അവരുടെ നിയമങ്ങൾ കർശനമായി തന്നെ പാലിക്കണമെന്ന് ഫ്രാൻസിലെ മന്ത്രിസഭാംഗമായ ക്ലെമന്റ് ബ്യൂൺ പറയുന്നു. എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കുന്നതിനായി വിമാനത്താവളത്തിൽ പ്രത്യേക ഇടങ്ങളും, സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നിരുന്നിട്ട് കൂടി നിയമം പാലിക്കാത്ത അവസ്ഥ ഖേദകരമാണെന്നും അദ്ദേഹം പറയുന്നു.















