ഇടുക്കി: ഉരുൾപ്പൊട്ടലിൽ ഉണ്ടായ നാശനഷ്ടത്തെ തുടർന്ന് മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
ഉടുമ്പൻ ചോല താലൂക്കിലെ ശാന്തൻപാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലുകളിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരുന്നത്. അതിനാലാണ് ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് കൂടി വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറു മണിവരെ ഗതാഗതം നിരോധിച്ചത്.
ഈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി യാത്ര സുരക്ഷിതമല്ല. അതുകൊണ്ട് യാത്രക്കാർ യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കണമെന്നും കളക്ടർ അറിയിച്ചു.















