തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രസാധകർ. ലക്ഷങ്ങളാണ് പുസ്തകോത്സവത്തിലൂടെ പ്രസാധകർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം മുതലാണ് നിയമസഭയിൽ അന്താരാഷ്‌ട്ര പുസ്തകോത്സവം ആരംഭിച്ചത്. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വഴിയാണ് പുസ്തക വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം പുസ്തകം വിറ്റ വകയിൽ ലക്ഷ കണക്കിന് രൂപ പ്രസാധകർക്ക് ലഭിക്കാനുണ്ട്. ഈ വർഷം രണ്ടാം മേളയുടെ ആലോചനാ യോഗത്തിൽ ഇതേകുറിച്ച് പറഞ്ഞുവെങ്കിലും ഇതുവരെ ആ തുക ലഭിക്കുകയോ അനുകൂല നടപടി ഉണ്ടാവുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ട് പ്രസാധക സംഘടനകൾ നിയമസഭാ സെക്രട്ടറിയേറ്റിൽ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാൽ കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരാണ് പണം നൽകേണ്ടതെന്നും തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്നും ചില ജില്ലകളിൽ കുടിശ്ശിക ഉണ്ടാവാൻ കാരണം ആ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
എംഎൽഎമാരുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് പുസ്തകം വാങ്ങാനായിരുന്നു സർക്കാർ അനുമതി. ലൈബ്രറികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുവഴി നേട്ടമുണ്ടാകുമെന്നും പ്രസാധകർ വിചാരിച്ചിരുന്നു.
എന്നാൽ പുസ്തകം വിറ്റ വകയിലെ കണക്കുകൾ ജില്ലാ കളക്‌ട്രേറ്റിൽ നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പലർക്കും ഇതു വരെ പണം കിട്ടിയില്ല. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ പണം തിരിച്ച് കിട്ടാനുള്ളത്.