ഇടുക്കി: കരുണാപുരത്ത് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. തണ്ണിപ്പുറം സ്വദേശി ഒവേലിയിൽ ഷാജി ആണ് മരിച്ചത്. കൃഷിയിടത്തിൽ കാട്ടുപന്നി കയറുന്നത് തടയാൻ സ്ഥാപിച്ചിരുന്ന വേലിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
രണ്ടര ഏക്കർ കൃഷിയിടത്തിലായിരുന്നു വൈദ്യുതവേലി സ്ഥാപിച്ചിരുന്നത്. വേലിയിലേക്ക് വൈദ്യുത പോസ്റ്റിൽ നിന്നും നേരിട്ടായിരുന്നു കറന്റ് എടുത്തിരുന്നത്. രാവിലെ കെണിയിൽ പന്നി അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനായി കൃഷിയിടത്തിൽ പോയപ്പോൾ കാൽ വഴുതി ഷാജി വേലിയിലേക്ക് വീഴുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൃഷിയിടത്തിൽ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കെഎസ്ഇബി സ്ഥലത്തെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.















