തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരസഹോദരൻമാരാണ് സൂര്യയും കാർത്തിയും. ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ ആരാധകരാണുള്ളത്. നിലവിൽ കാർത്തിയുടെ ജപ്പാൻ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. രാജു മുരുകൻ സംവിധാനം ചെയ്യുന്ന ജപ്പാൻ കാർത്തിയുടെ 25-ാം ചിത്രമായാണ് തിയേറ്ററുകളിലെത്തുന്നത്.
ഇതിന്റെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യയും അതിഥിയായെത്തിയിരുന്നു. ചലച്ചിത്രലോകത്തുനിന്നും നിരവധി പ്രമുഖർ പങ്കെടുത്തിരുന്നെങ്കിലും താരമായി മാറിയത് സൂര്യയായിരുന്നു. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത് ചടങ്ങിൽ കാർത്തിയേക്കുറിച്ച് സൂര്യ പറഞ്ഞ ഒരു കാര്യമാണ്. തന്നേക്കാളും പ്രേക്ഷകർക്ക് ഇഷ്ടം കാർത്തിയോടാണെന്നും തനിക്ക് കാർത്തിയോട് ആസൂയയാണെന്നുമാണ് വേദിയിൽ സംസാരിക്കവേ സൂര്യ തമാശയായി പറഞ്ഞത്.
“എന്നേക്കാളും ജനങ്ങൾക്കിഷ്ടം കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലുമെല്ലാം പോകുമ്പോൾ അവരെന്റെ അടുത്ത് വന്ന് അവനെ കുറിച്ച് സംസാരിക്കും. എന്നെക്കാൾ കൂടുതൽ അവനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. കാർത്തിയ്‌ക്ക് വേണമെങ്കിൽ നിലവിൽ 50 സിനിമകൾ ചെയ്യാമായിരുന്നു. എന്നാൽ തന്റെ ഒരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും അദ്ദേഹം നൽകുന്നു. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. പരുത്തിവീരൻ, നാൻ മഹാൻ അല്ല എന്നീ ചിത്രങ്ങളെല്ലാം രണ്ട് തലത്തിൽ നിൽക്കുന്ന ചിത്രങ്ങളെ അദ്ദേഹം എങ്ങനെ ചെയ്തു എന്ന് ഞാൻ ഇപ്പോഴും ആലോചിച്ച് ആശ്ചര്യപ്പെടാറുണ്ട്. പല സിനിമകളിലും വ്യത്യസ്തമായാണ് കാർത്തിയെ കാണാനാകുന്നത്. ഞങ്ങളുടെ യാത്രകൾ തികച്ചും വ്യത്യസ്തമാണെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.” സൂര്യ പറഞ്ഞു.