ലഹരിപദാർത്ഥമായ കഞ്ചാവിന്റെ (Marijuana) ഉപയോഗം ഹൃദയത്തെയും തലച്ചോറിനെയുമെല്ലാം ബാധിക്കുമെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഫിലാഡൽഫിയയിൽ നടക്കുന്ന സയന്റിഫിക് സെക്ഷൻ 2023-ലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവിന്റെ സ്ഥിരമായ ഉപയോഗം ഹൃദായാഘാതത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് എഎച്ച്എ അറിയിച്ചു. ദിവസവും കഞ്ചാവ് വലിക്കുന്ന 34 ശതമാനം പേരിൽ ഹൃദയാഘാതം പോലുള്ള രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് ഘട്ടമായാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈ പഠനം നടത്തിയത്. ആദ്യ ഘട്ടത്തിൽ കഞ്ചാവ് ഉപയോഗിക്കുന്ന ഹൃദായാഘാതം വരാത്ത 156,999 ആളുകളെയാണ് അവർ പഠനത്തിനായി തിരഞ്ഞെടുത്തു. നാല് വർഷത്തോളം അവരെ നിരീക്ഷിച്ചു. അതിനിടയിൽ 2,958 പേർ ഹൃദായാഘാതം കാരണം മരിച്ചു. കഞ്ചാവിന്റെ ദിവസേനെയുള്ള അമിത ഉപയോഗമാണ് അതിന് കാരണമെന്ന് അസോസിയേഷൻ കണ്ടെത്തി. കൂടാതെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആളുകൾക്ക് ഹൃദയധമനികളിൽ രക്തം കട്ടയാകുന്നതുൾപ്പെടെയുള്ള അവസ്ഥ കണ്ടെത്തി. അവർക്ക് 34 ശതമാനം മുതൽ 27 ശതമാനം വരെയാണ് ഹൃദായാഘാതം ഉണ്ടാകാനുള്ള സാധ്യതയെന്നും പഠനം തെളിയിച്ചു.
ഈ പഠനത്തെ നയിച്ച ബാൾട്ടിമോറിലെ മെഡ്സ്റ്റാർ ഹെൽത്തിലെ റസിഡന്റ് ഫിസിഷ്യൻ ഡോ. യാകുബു ബെനെ-അൽഹസൻ, ദിവസേനയുള്ള കഞ്ചാവ് ഉപയോഗം ഹൃദയ സൂക്ഷ്മധമനി രോഗങ്ങൾക്ക് കാരണമാവുകയും ഹൃദയസ്തംഭനം ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.
പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന ഉയർന്ന രക്തസമ്മർദമുള്ളവർ, ടൈപ്പ് 2 പ്രമേഹ രോഗികൾ, കൊളസ്ട്രോൾ രോഗികൾ എന്നിങ്ങനെ 28,535 ആളുകളെയാണ് നിരീക്ഷണത്തിനായി എടുത്തത്. 65 വയസിനു മുകളിൽ ഉള്ളവരായിരുന്നു അധികവും. ഇവർക്ക് പുകയില ഉപയോഗവും ഉണ്ടായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന 20 ശതമാനം ആളുകൾക്കും സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ളവ ഉണ്ടായെന്ന് പഠനം തെളിയിച്ചു. 13 ശതമാനം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളാണ് ഉണ്ടായത്.
കഞ്ചാവ് ഉപയോഗിക്കുന്നവരിലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച എഎച്ച്എയുടെ പഠനം അപൂർവ്വമായ ഒന്നാണെന്ന് ഫിലാഡൽഫിയയിലെ ഫിസിഷ്യൻ ആയ അവിലാഷ് മൊണ്ടൽ അഭിപ്രായപ്പെട്ടു. കൂടാതെ കഞ്ചാവിന്റെ ദിവസേനെയുള്ള ഉപയോഗം ഹൃദയം-തലച്ചോർ എന്നിവയെ ബാധിക്കുന്ന രോഗത്തിനുള്ള സാധ്യത മൂന്നിലൊന്നായി വർദ്ധിപ്പിക്കുമെന്ന് പഠനം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.