മുംബൈ: ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് 292 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണർ ഇബ്രാഹിം സദ്രാന്റെ തകർപ്പൻ പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോർ സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. ഹെയ്സൽവുഡാണ് ഗുർബാസിനെ കൂടാരം കയറ്റിയത്. മൂന്നാമനായി ഇറങ്ങിയ റഹ്‌മത്ത് ഷായും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പിന്നാലെ വന്ന നായകൻ ഷഹീദി 26 റൺസെടുത്ത് പുറത്തായെങ്കിലും അസ്മത്തുള്ള ഒമർസായി 22 റൺസെടുത്ത് സദ്രാന് പിന്തുണയേകി. പിന്നാലെ സദ്രാൻ സെഞ്ച്വറി നേടി. ഓപ്പണറായ സദ്രാൻ 131 പന്തുകളിൽ നിന്നാണ് 100 റൺസെടുത്തത്. ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യമായി സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും ഇതോടെ സദ്രാന്റെ പേരിലായി. 50 ഓവർ പൂർത്തിയായപ്പോൾ സദ്രാൻ 143 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 129 റൺസെടുത്ത് പുറത്താവാതെയും, റാഷിദ് ഖാൻ 35 റൺസ് നേടിയും പുറത്താകാതെയും നിന്നു. ഓസ്ട്രേലിയയ്‌ക്ക് വേണ്ടി ഹെയ്സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ സ്റ്റാർക്ക്, മാക്സ്വെൽ, സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.