ഭോപ്പാൽ: രാഹുലിനെയും പ്രിയങ്ക വാദ്രയെയും രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും തട്ടിപ്പും മറച്ചുവച്ചാണ് മറ്റ് സംസ്ഥാനങ്ങളെ സഹോദരങ്ങൾ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. അഴിമതിയെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അധികാരമില്ലെന്നും കോൺഗ്രസ് നടത്തിയ അഴിമതികളെ കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം പറയുകയാണ്. കോൺഗ്രസ് നടത്തുന്ന അഴിമതികളെ മറച്ചു വച്ചാണ് അവർ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളോട് നുണപ്രചരണം നടത്തുന്നത്. ഒന്നാം യുപിഐ സർക്കാരിന്റെ കാലത്ത് നടന്ന 2 ജി സ്‌പെക്ട്രം അഴിമതിയെ പറ്റി ജനങ്ങൾക്ക് അറിയാം. നിയമ- ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും മറികടന്ന് നടത്തിയ അഴിമതിയിലെ പ്രതികൾ ഇപ്പോഴും ജാമ്യത്തിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന് അഴിമതിയെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം അഴിമതിയിൽ മുങ്ങുകയാണെന്നും ചൗഹാൻ വിമർശിച്ചു.
മദ്ധ്യപ്രദേശിനെ ദിഗ് വിജയ് സിംഗിന് കീഴിലുളള സർക്കാർ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെ ലേഖനങ്ങളും പത്രകുറിപ്പുകളും വായിച്ചാൽ പ്രിയങ്കയ്‌ക്ക് കോൺഗ്രസ് സർക്കാരിന് കീഴിൽ മദ്ധ്യപ്രദേശിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് മനസിലാകും. അഴിമതി രഹിതമായി കൃത്യനിർവ്വഹണം നടത്തിയ ഉദ്യോഗസ്ഥരെ പോലും അക്കാലത്ത് കോൺഗ്രസ് ഭീഷണിപ്പെടുത്തി. വനിതകളോട് അടുപ്പ് പുകയ്‌ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണോ കോൺഗ്രസ് നേതാക്കൾ ഈ ഭീഷണി മുഴക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ വന്നയുടൻ ബൈഗ, ഭാരിയ, സഹാരിയ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നത് നിർത്തി. എന്നാൽ ലാഡ്ലി ബഹ്ന യോജനയിലൂടെ ബിജെപിയാണ് ഈ സമുദായത്തിൽപ്പെട്ട വനിതകൾക്ക് പണം നൽകുന്നതെന്നും ഇത് 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.















