തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിപിഎം ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇഡി. കരുവന്നൂർ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി സമൻസ് നൽകി. ജില്ലാ സെക്രട്ടറി എംഎം വർഗീസിനാണ് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചത്.
ഇത് പ്രകാരം ഈ മാസം 25 ന് ഹാജരാകണമെന്നാണ് ഇഡി നിർദ്ദേശം നൽകിയിരിക്കുന്നത്. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് എംഎം വർഗീസിനെ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നലകിയിരിക്കുന്നത്. നേരത്തെ കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നത രാഷ്‌ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇഡി. ഇതിന്റെ തുടക്കമെന്ന നിലയിലാണ് എംഎം വർഗീസിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പ്.















