ശ്രീനഗർ : ദീപങ്ങളുടെ , സ്നേഹത്തിന്റെ , നന്മയുടെ ആഘോഷമാണ് ദീപാവലി . കശ്മീരിലെ ഈ ഇസ്ലാം കുടുംബവും അത് ശരി വയ്‌ക്കുന്നു . ദീപാവലി ആഘോഷത്തിൽ ദശലക്ഷക്കണക്കിന് മൺ വിളക്കുകൾ കൊണ്ട് രാജ്യം മുഴുവൻ പ്രകാശിപ്പിക്കപ്പെടുമ്പോൾ, അവയിൽ ആയിരക്കണക്കിന് വിളക്കുകൾ ഈ കശ്മീരി മുസ്ലീം കുടുംബമാണ് നിർമ്മിച്ചിരിക്കുന്നത്. ആഴ്ചകളായി, ശ്രീനഗറിലെ ഒമർ കുമാർ കുടുംബം ദീപാവലി വിളക്കുകൾ ഉണ്ടാക്കുകയാണ് . ഇതുവരെ 20,000-ത്തിലധികം വിളക്കുകൾ നിർമ്മിച്ച് കഴിഞ്ഞു .
ജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർക്ക് ഓർഡറുകൾ ലഭിക്കുന്നത് . അതുകൊണ്ട് തന്നെ ഈ കുടുംബം ദീപാവലി കളിമൺ വിളക്കുകൾ നിർമ്മിക്കാൻ രാവും പകലും പരിശ്രമിക്കുകയാണ് . ഒമർ കുമാറും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
‘കഴിഞ്ഞ വർഷം ഞങ്ങൾ ദീപാവലി വിളക്കുകൾ ഉണ്ടാക്കാൻ തുടങ്ങി, ഞങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം, ഞങ്ങൾ ഇതിനകം 20000 ദീപാവലി വിളക്കുകൾ ഉണ്ടാക്കി, ഞങ്ങൾക്ക് ഇപ്പോഴും പുതിയ ഓർഡറുകൾ ലഭിക്കുന്നു. ജമ്മുവിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വേർതിരിവില്ല, ഞങ്ങൾ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, ഞങ്ങളുടെ ഉത്സവമായാൽ മറ്റു സമുദായങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ വർഷം നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്,” ഒമർ കുമാർ പറഞ്ഞു.
ഒമർ തന്റെ പ്രദേശത്തെ ഹിന്ദു സമൂഹത്തിനുള്ളിൽ നൂറുകണക്കിന് ദീപാവലി വിളക്കുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിക്കുന്ന ഈ വിളക്കുകൾ വാങ്ങുന്നത് രാജ്യത്തെ യുവസംരംഭകരെ സഹായിക്കുമെന്നും ഒമർ പറയുന്നു. ഇത് ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തിലേക്കുള്ള മുന്നേറ്റമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.















