ന്യൂഡൽഹി: രാഷ്‌ട്രതന്ത്രജ്ഞനും മുതിർന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് ഇന്ന് 96-ാം പിറന്നാൾ. എൽകെ അദ്വാനിയുടെ 96-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ ശ്രീ.ലാല്‍ കൃഷ്ണ അദ്വാനിജിക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
“എൽ.കെ. അദ്വാനിജിക്ക് ജന്മദിനാശംസകൾ. രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹം സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരമാണ്. അദ്ദേഹത്തിന്റെ ദർശനാത്മകമായ നേതൃത്വം ദേശീയ പുരോഗതിയും ഐക്യവും ഉയർത്താൻ കാരണമായി. അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. രാഷ്‌ട്രത്തെ കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ 140 കോടി ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതാണ്,” മോദി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രിയ്‌ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എൽകെ അദ്വാനിയ്‌ക്ക് ആശംസകൾ നേർന്നു. അദ്ദേഹം എല്ലാ ബിജെപി പ്രവർത്തകർക്കും പ്രചോദനത്തിന്റെ ശാശ്വത ഉറവിടമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
“ലാൽ കൃഷ്ണ അദ്വാനിജിക്ക് ജന്മദിനാശംസകൾ. അദ്വാനിജി, തന്റെ അശ്രാന്ത പരിശ്രമവും സംഘടനാപരമായ വൈദഗ്ധ്യവും കൊണ്ട് പാർട്ടിയെ പരിപാലിക്കാനും പ്രവർത്തകരെ കെട്ടിപ്പടുക്കാനുമായി പ്രവർത്തിച്ചു. ബിജെപിയുടെ തുടക്കം മുതൽ അധികാരത്തിലെത്തുന്നത് വരെയുള്ള അദ്വാനിജിയുടെ അതുല്യമായ സംഭാവനയാണ് ഓരോ തൊഴിലാളികളുടെയും പ്രചോദനം. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ”ഷാ എഴുതി.
1927 നവംബര്‍ എട്ടിന് ഇന്ന് പാകിസ്താന്റെ ഭാഗമായ കറാച്ചിയിലെ സിന്ധ് പ്രവശ്യയിലായിരുന്നു അദ്വാനിയുടെ ജനനം. രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ്) സന്നദ്ധപ്രവർത്തകനായാണ് അദ്വാനി തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. ലാൽ കൃഷ്ണ അദ്വാനി നടത്തിയ രഥ യാത്രകള്‍ ബിജെപിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ്. 1998-നും 2004-നും ഇടയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്. 2015ൽ അദ്വാനിക്ക് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.















