ന്യൂഡൽഹി: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റിങ്ങിലും ബൗളിംഗിലും ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ഇന്ത്യൻ താരങ്ങൾ. രണ്ട് വർഷമായി പാകിസ്താൻ നായകൻ ബാബർ അസം ആതിപത്യം സ്ഥാപിച്ച് കൈയടക്കി വച്ച ഒന്നാം സ്ഥാനമാണ് ശുഭ്മാൻ ഗിൽ പിടിച്ചെടുത്തതെങ്കിൽ മുഹമ്മദ് സിറാജാണ് ബൗളർമാരിൽ ഒന്നാമതെത്തിയത്. 830 പോയിന്റുമായാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. 41 ഏകദിനങ്ങളിൽ നിന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ബാബർ അസം 824 പോയന്റുമായി രണ്ടാമതാണ്.
ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് ഗിൽ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് മൂന്നാമതും (771) വിരാട് കോഹ്‌ലി (770) പോയിന്റുമായി പട്ടികയിൽ നാലാമതുമാണ്. ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 219 റൺസാണ് ഗില്ലിന്റെ സമ്പാദ്യം.
ബൗളർമാരിൽ നാല് ഇന്ത്യക്കാരാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം റാങ്കിലെത്തിയത്. കുൽദീപ് യാദവ് നാലാമതും ജസ്പ്രീത് ബുമ്ര എട്ടാമതും മുഹമ്മദ് ഷമി പത്താമതുമെത്തി.