ജറുസലേം: ഹമാസ് ഭീകരരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗ്രനേഡുകൾ, മിസൈലുകൾ, റോക്കറ്റുകൾ തുടങ്ങി ഗണ്യമായ ആയുധശേഖരങ്ങളെ കാണിക്കുന്ന നാല് ചിത്രങ്ങളും വീഡിയോയുമാണ് ഇസ്രായേൽ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പുറത്തുവിട്ടത്.
‘ഒക്ടോബർ 7ന് ഹമാസിന്റെ ഭീകരരിൽ നിന്ന് കണ്ടെത്തിയ ചില ആയുധങ്ങൾ ഇതാ. 1,493 ഹാൻഡ് ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും, 760 ആർപിജികളും, 427 സ്ഫോടക വലയങ്ങളും, 375 തോക്കുകളും, 106 റോക്കറ്റുകളും മിസൈലുകളും. 1400ലധികം ഇസ്രായേലി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളിൽ ചിലത് മാത്രമാണിത്, നിരപരാധികളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ!’- ഇസ്രായേൽ സൈന്യം എക്സിൽ കുറിച്ചു.
അതേസമയം ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് പ്രതിരോധ സേന അറിയിച്ചു. ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയുമായി മാറിക്കഴിഞ്ഞു. ഗാസയെ തങ്ങൾ പൂർണ്ണമായും വളഞ്ഞെന്നും ഇത് ഹമാസിനെതിരായ യുദ്ധത്തിന്റെ നിർണായക ഘട്ടമാണെന്നും ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് ഡാനിയേൽ ഹഗാരി അവകാശപ്പെട്ടു.