ഭോപ്പാൽ: ഹമാസിന്റെ ഭീകരാക്രമണത്തിൽ മൗനം തുടരുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിലെ ഹമാസ് അനുകൂലികളെ ഭയന്ന് രഹുൽ ഇസ്രായേലിനെതിരെ നടന്ന ഏകപക്ഷീയമായ ആക്രമണത്തിൽ മൗനം തുടരുകയാണെന്നായിരുന്നു ശർമ്മ പറഞ്ഞത്. പാലസ്തീനുമായി ഭാരതത്തിന് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ ഹമാസ് അങ്ങനെയാണോ, അവർ കുട്ടികളെ തട്ടികൊണ്ടുപോകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി വിഷയത്തിൽ ഹമാസിനെതിരായി ശക്തമായി നിലപാട് സ്വീകരിച്ചു. എന്നാൽ ഇന്ത്യയിലെ ഹമാസ് അനുകൂലികളെ ഭയന്ന് കോൺഗ്രസ് നേതാവ് രാഹുൽ മൗനം തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുന്നത് ഔറംഗസേബും ബാബറുമാണ്. ബാബർ ഒരു അക്രമിയായിരുന്നു. രാമക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത്. ഇപ്പോൾ പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം പുനർനിർമ്മിക്കുന്നു. എന്തുകൊണ്ട് കോൺഗ്രസ് അതിന് തയ്യാറായില്ല. ജവഹർലാൽ നെഹ്റുവോ ഇന്ദിരയോ അത് ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം ആരെങ്കിലും നിർമ്മിക്കുമായിരുന്നോ. രാഹുലും കമൽനാഥും ഒരിക്കൽ പോലും അവിടം സന്ദർശിച്ചിട്ടില്ല. ബിജെപി രാമക്ഷേത്രം നിർമ്മിച്ചു. കോൺഗ്രസ് അതിനെ എതിർത്ത് ബാബറി മസ്ജിദിനൊപ്പം നിന്നു. ഈ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം വേണോ ബാബറി മസ്ജിദ് വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
മദ്ധ്യപ്രദേശ് മുൻപ് ഒരു ദരിദ്ര സംസ്ഥാനമായിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴാണ് ആദ്യമായി മദ്ധ്യപ്രദേശിൽ എത്തുന്നത്. അന്ന് റോഡുകളേക്കാൾ കൂടുതൽ ഗർത്തങ്ങളും വൈദ്യുതിയെക്കാൾ കൂടുതൽ പവർകട്ടുമായിരുന്നു സംസ്ഥാനത്ത്. പിന്നീട് ദിഗ്വിജയ സിംഗിന്റെ ഭാര്യ മരിച്ചപ്പോൾ വീണ്ടും വന്നു പക്ഷേ അന്ന് മദ്ധ്യപ്രദേശിൽ വൻ മാറ്റമാണ് വന്നത്. ഇത് ഞാൻ ദിഗ്വിജയ സിംഗിനോട് പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. ആ മൗനം സർക്കാരിന് ലഭിച്ച അംഗീകാരമായിരുന്നു എന്ന് ശർമ്മ പറഞ്ഞു.















