ബാറ്റർമാരുടെയും ബൗളർമാരുടെയും മന്ത്രികത നിറഞ്ഞ പോരാട്ടങ്ങൾക്കും അട്ടിമറി വിജയങ്ങൾക്കും ക്രിക്കറ്റ് മൈതാനങ്ങൾ സാക്ഷിയാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അഫ്ഗാൻ- ഓസിസ് പോരാട്ടം. പരാജയത്തിന്റെ പടുകുഴിയിൽ വീണു എന്ന് വിചാരിച്ചിരുന്ന ഓസ്‌ട്രേലിയ, ഗ്ലെൻ മാകസ്‌വെല്ലിന്റെ വൺ മാൻ ഷോയിൽ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. കയ്യിലിരുന്ന വിജയം കൈവിട്ട് കളഞ്ഞ സങ്കടത്തിൽ അഫ്ഗാനിസ്ഥാനും. വിജയത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ഗ്ലെൻ മാകസ്‌വെല്ലിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ക്രിക്കറ്റ് ലോകം ഒന്നാകെ കയ്യടിച്ചു. ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനോട് മാക്സ് വെല്ലിനെ ഉപമിച്ച് രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.
കപിൽ ദേവിന്റെ ഉയർന്ന റൺ ചേസിംഗ് സ്‌കോറായ 175* റൺസ് അഫ്ഗാനെതിരായ മത്സരത്തിൽ മാക്‌സ്‌വെൽ മറികടന്നിരുന്നു. 128 പന്തിൽ നിന്ന് 202* റൺസായിരുന്നു മാക്‌സ്‌വെൽ നേടിയത്. 21 ഫോറും 10 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ‘അസാധ്യമായ പ്രകടനം. എനിക്കോർമ്മ വരുന്നത് 1983-ലെ കപിൽ ദേവിനെയാണ്. 91-ന് ഏഴ് വിക്കറ്റ് എന്ന നിലയിൽ കമ്മിൻസും മാക്‌സിയുമായിരുന്നു ക്രീസിൽ. ഈ നേട്ടത്തോടെ ഒരു ലോകകപ്പിൽ ഏഴ് വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ പുത്തൻ ചരിത്രമാണ് ഇരുവരും പടുത്തുയർത്തിയത്. മുമ്പ് കപിൽ ദേവും സയ്യിദ് കർമാനിയും നേടിയ 126 റൺസിന്റെ കൂട്ടുകെട്ട് ഓസീസ് താരങ്ങൾ 140 റൺസിന് മുകളിൽ സ്‌കോർ ചെയ്ത് തകർത്തു’- മാക്സ് വെല്ലിനെ കപിൽ ദേവിനോടുപമിച്ച് ശാസ്ത്രി എക്സിൽ കുറിച്ചു.
40 വർഷം മുമ്പാണ് ലോകകപ്പിൽ ഇത്തരത്തിലൊരു റൺ ചേയിസിംഗ് നടന്നത്. 1983 ജൂൺ 18-ന് ടൺബ്രിഡ്ജ് വെൽസിൽ സാക്ഷാൽ കപിൽദേവിന്റെ കീഴിലുളള ഇന്ത്യ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 17 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 138 പന്തിൽ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റൺസെടുത്ത് പുറത്താകാതെ നിന്നുകൊണ്ട് ഇന്ത്യയെ 266 റൺസെന്ന മാന്യമായ സ്‌കോറിൽ കപിൽ ദേവ് എത്തിച്ചു. സ്‌കോർ 172-ൽ എത്തിയപ്പോൾ ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡും കപിൽ സ്വന്തമാക്കി. ന്യൂസീലൻഡിന്റെ ഗ്ലെൻ ടർണറുടെ 171 റൺസ് എന്ന റെക്കോർഡാണ് കപിൽ തിരുത്തി കുറിച്ചത്.