പത്തനംതിട്ട: ന്യൂജെൻ ബൈക്കുമായി റോഡിൽ അഭ്യാസം കാണിച്ചവരെ പൊക്കി പോലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജംഗ്ഷനിൽ നിന്നാണ് റാന്നി സ്വദേശികളെ പിടികൂടിയത്. വൻ ക്രമക്കേടുകളും ഗതാഗത ലംഘനങ്ങളുമാണ് യുവാക്കൾ നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
സ്ഥലത്തെത്തിയ പത്തനംതിട്ട ട്രാഫിക് പോലീസ് ബൈക്കിന് 23,000 രൂപ പിഴയിട്ടു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000, സാരി ഗാർഡ് ഇല്ലാത്തതിന് 1000, നമ്പർ പ്ലേറ്റിന് മാസ്‌ക് വെച്ചതിന് 7500, ലൈസൻസ് ഇല്ലാത്ത ആളിന് വാഹനം ഓടിക്കാൻ കൊടുത്തതിന് 5000 എന്നിവ ചേർത്തതാണ് ഇത്രയും തുക. എന്നാൽ പിഴ അവിടം കൊണ്ട് തീർന്നില്ല. മോട്ടോർവാഹനവകുപ്പ് രജിസ്‌ട്രേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ പലപ്പോഴായുള്ള നിയമലംഘനംങ്ങൾക്ക് 17,500 രൂപ പിഴ അടയ്‌ക്കാനുണ്ടെന്നും കണ്ടെത്തി. ഇതുംകൂട്ടി 40500 രൂപ അടയ്‌ക്കണമെന്ന് യുവാക്കളെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്രയും ഭീമമായ തുക കേട്ട് ഞെട്ടിയ വിരുതന്മാർ വണ്ടി പോലീസിനെ ഏൽപ്പിച്ച് മടങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് വയനാട് സ്വദേശി വിറ്റ ബൈക്കാണിത്. എന്നാൽ ഇപ്പോഴും ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല.