ആലപ്പുഴ: കർഷകരെ പുച്ഛിച്ച് മന്ത്രി സജി ചെറിയാൻ. കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോയെന്നും തമിഴ്നാട്ടിൽ അരി ഉള്ളിടത്തോളം കാലം കേരളത്തിൽ പട്ടിണി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഇവിടെ നിലവിലൊരു പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു സജി ചെറിയാൻ നെൽക്കർഷകരെ അവഹേളിച്ചത്.
കർഷകർക്കായി സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നുണ്ട്. കർഷകർ അതിനോട് സഹകരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വാക്ക് പറഞ്ഞാൽ വാക്കാണെന്നും പരാമർശിച്ചു. മാന്നാർ മുക്കംവാലയിലെ ബണ്ടിന്റെ അടിസ്ഥാന സൗകര്യ നിർമാണോദ്ഘാടനത്തിൽ പ്രസംഗിക്കുകയായിരുന്നു സജി ചെറിയാൻ.
കുട്ടനാട്ടിൽ ഉൾപ്പെടെ നെൽക്കർഷകർ നെല്ലുവില ലഭിക്കാതെ വലയുമ്പോഴാണ് സർക്കാർ കോടികൾ ചെലവഴിക്കുന്നതായി സജി ചെറിയാൻ അവകാശവാദമുന്നയിക്കുന്നത്. പ്രദേശത്തെ ഇലമ്പനം തോടുപണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷിയില്ലെന്ന കർഷകരുടെ നിലപാട് പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചപ്പോഴാണ് മന്ത്രി കർഷകരെ അവഹേളിച്ചത്. പിന്നീട് പ്രസംഗിച്ച പി. പ്രസാദ് ഇതു കേട്ടതായി നടിച്ചില്ല. പല പ്രദേശങ്ങളിലും യഥാസമയം നെല്ലു സംഭരിക്കാത്തതിനാൽ പാടശേഖരങ്ങളിൽ അവ കെട്ടിക്കിടന്നു നശിക്കുന്നുവെന്നതാണ് വസ്തുത.















