മലയാള സിനിമകളെ കുറിച്ച് വാചാലരായി തമിഴ് താരങ്ങളായ എസ്.ജെ സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജിഗർതണ്ടാ ഡബിൾ എക്‌സിന്റെ പ്രമോഷൻ പരിപാടികൾക്കായി കൊച്ചിയിലെത്തിയപ്പോഴാണ് പ്രിയപ്പെട്ട മലയാള സിനിമയെ പറ്റി താരങ്ങൾ സംസാരിച്ചത്.
ആർ.ഡി.എക്‌സ് ആണ് താൻ അവസാനമായി കണ്ട മലയാള സിനിമയെന്ന് രാഘവ ലോറൻസ് പറഞ്ഞു. പക്ഷേ അടുത്തിടെ കണ്ടതിൽ ഏറെ ഇഷ്ടപ്പെട്ട ചിത്രം താരരാജാവ് മോഹൻലാലിന്റെ ലൂസിഫറാണ്. ചിത്രത്തെ കുറിച്ച് വാചാലനായ താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ലൂസിഫറിൽ മോഹൻലാലിന്റെ അഭിനയം വല്ലാതെ ഇഷ്ടപ്പെട്ടു. മുണ്ട് മടക്കി ഇടത് തോൾ ചരിച്ചുള്ള അദ്ദേഹത്തിന്റെ സ്റ്റൈലൻ നടത്തവും സംഘട്ടന രംഘങ്ങളും വളരെ ഇഷ്ടപ്പെട്ടതാണ്. ചിത്രത്തിലെ ചില രംഗങ്ങൾ എനിക്ക് ഹൃദയ സ്പർശിയായി തോന്നി.
ഞാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരാളാണ്. അതുകൊണ്ടാകാം ആ രംഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. ലൂസിഫർ സിനിമയിൽ അനാദാലയത്തിലെ കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രംഗം. കൂടാതെ കസേരയിൽ ഇരുന്ന് കുട്ടിയെ തഴുകി മോഹൻലാൽ കഥ പറയുന്ന രംഗം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഞാനും മലയാളത്തിലെ മിക്ക സിനിമകളും കാണാറുണ്ടെന്ന് എസ്.ജെ സൂര്യ പറഞ്ഞു. ലൂസിഫർ, ഡ്രൈവിംഗ് ലൈസൻസ്, ഭീഷ്മ പർവ്വം, ട്രാൻസ് ഇവയെല്ലാമാണ് തന്റെ പ്രിയപ്പെട്ട സിനിമകൾ. എന്നാൽ സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിലുള്ള ചിത്രങ്ങൾ എത്താത്തതിൽ വലിയ നഷ്ടബോധമുണ്ടെന്നും താരം പറഞ്ഞു. വർഷം പതിനാറ്, പൂവേ പൂ ചൂടാവാ തുടങ്ങി അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന ചിത്രങ്ങൾ മിക്കവയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. താൻ സഹസംവിധായകനായി ജോലി ചെയ്തിരുന്ന സമയത്ത് തന്റെ ഗുരുസ്ഥാനീയനായ സംവിധായകൻ കാണണമെന്ന് പറഞ്ഞ് നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങളായിരുന്നു എന്നായിരുന്നു എസ്.ജെ സൂര്യയുടെ വാക്കുകൾ.