ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ തുടരുന്ന അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മധുരൈ, കോയമ്പത്തൂർ, തേനി, ദിണ്ഡിഗൽ, നീലഗിരി ജില്ലകളിലാണ് മഴ തുടരുന്നത്. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധുരയിലും തൂത്തുകുടിയിലും നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. നീലഗിരിയിൽ കോട്ടഗിരി-മേട്ടുപ്പാളയം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് നീലഗിരി ട്രാഫിക് പോലീസ് അറിയിച്ചു. കൂടാതെ ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനാൽ നീലഗിരി മൗണ്ട് റെയിൽവേ രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. 06136, 06137 നമ്പർ ട്രെയിനുകളാണ് റദ്ദാക്കിയത്.