ന്യൂസിലന്‍ഡിന്റെ വിജയത്തോടെ സെമിയില്‍ കയറാമെന്നുള്ള പാകിസ്താന്റെ സ്വപ്‌നങ്ങള്‍ ഷട്ടറിട്ട നിലയിലാണ്. എന്നാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ ഏറ്റമുട്ടുമ്പോള്‍ ചില ‘ചെറിയ’ കടമ്പകള്‍ മറികടന്നാല്‍ പാക് നിരയ്‌ക്ക് ഇന്ത്യക്കെതിരെ സെമി കളിക്കാം. ഇല്ലെങ്കില്‍ 15ന് മുംബൈയില്‍ 2019 ലോകകപ്പ് സെമി ആവര്‍ത്തിക്കപ്പെടും.
വളരെ ‘ചെറിയ’ കടമ്പകള്‍
ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ പാകിസ്താന്‍ വിജയലക്ഷ്യം 16 പന്തില്‍ മറികടക്കണം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ 50 റണ്‍സിന് ഒതുക്കകയെന്നത് പാകിസ്താനെ സംബന്ധിച്ച് അപ്രാപ്യം.
ഇനി ബാബറും സംഘത്തിന് ബാറ്റിംഗ് ലഭിച്ചാല്‍ കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരെ 287 റണ്‍സിന് തോല്‍പ്പിക്കണം. ഈ ലോകകപ്പില്‍ നേരത്തെ രണ്ടു ടീമുകള്‍ 300ലധികം റണ്‍സിന് ജയിച്ചതിനാല്‍ പാകിസ്താനും അത്തരമൊരു വിജയം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
നേരത്തെ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡിനെ 309 റണ്‍സിനും ഇന്ത്യ ശ്രീലങ്കയെ 302 റണ്‍സിനുമാണ് തോല്‍പ്പിച്ചത്.
അതുമല്ലെങ്കില്‍ 450 റണ്‍സ് അടിച്ച ശേഷം ഇംഗ്ലണ്ടിനെ 162 റണ്‍സിന് പുറത്താക്കിയാലും പാകിസ്താന് സെമി ഉറപ്പാക്കാം. അതുമല്ലെങ്കില്‍ 500 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം മുന്‍ ചാമ്പ്യന്മാരെ 211 റണ്‍സിന് ഔള്‍ഔട്ടാക്കിയാലും മതിയാകും.















