പത്തനംതിട്ട: അയ്യൻ മൊബൈൽ ആപ്പ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സഹായകമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആപ്പാണ് ഇത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല – സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.
അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിർദ്ദേശങ്ങളും ആപ്പിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാനായി അടിയന്തിര സഹായ നമ്പറുകളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓൺലൈനായും ഓഫ്ലൈനായും ആപ്പ് പ്രവർത്തിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നേരിട്ട് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ കാനന പാതയുടെ കവാടങ്ങളിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസ സൗകര്യം, എലിഫന്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർ ഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്ത് നിന്ന് അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്തർ തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും. കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ചരിത്ര പ്രധാനമായ കാര്യങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പെരിയാർ വന്യജീവി സങ്കേതത്തിന്റെ സവിശേഷതകളും ലഭ്യമാണ്.